പുരുഷന്മാരുടെ ഓട്ടത്തില്‍ പുതിയ ദേശീയറെക്കോഡ് സ്ഥാപിച്ച് കര്‍ണാടക സ്വദേശി എച്ച്.എച്ച്. മണികണ്ഠ

ബെംഗളൂരു: പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയറെക്കോഡ് സ്ഥാപിച്ച് സര്‍വീസസ് താരമായ കര്‍ണാടക സ്വദേശി എച്ച്.എച്ച്. മണികണ്ഠ. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ ബുധനാഴ്ച തുടങ്ങിയ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ സെമിഫൈനലില്‍ 10.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 21-കാരനായ മണികണ്ഠ രാജ്യത്തെ അതിവേഗതാരമായത്. 2016-ല്‍ ഒഡിഷയുടെ അമിയ കുമാര്‍ മല്ലിക്ക് (10.26 സെക്കന്‍ഡ്) സ്ഥാപിച്ച റെക്കോഡ് മറികടന്നു. ഫൈനല്‍ ഇന്ന് നടക്കും.

മലയാളി താരങ്ങളായ എം.എസ്. ശ്രുതി (39:04.41), റീബ ജോര്‍ജ് (39:25.83) എന്നിവരും ഫൈനലില്‍ മത്സരിച്ചു. വനിതകളുടെ ഹാമര്‍ത്രോയില്‍ പോലീസീലെ അന്‍മോല്‍ കൗര്‍ (60.19 മീറ്റര്‍) സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ ടാന്യ ചൗധരി (59.04 മീറ്റര്‍) വെള്ളിയും റെയില്‍വേസിന്റെ സരിത ആര്‍. സിങ് (58.42 മീറ്റര്‍) വെങ്കലവും നേടി.

മീറ്റിലെ ആദ്യദിനം 10,000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ ദിനേശ് (29 മിനിറ്റ് 10.11 സെക്കന്‍ഡ്) സ്വര്‍ണംനേടി. സര്‍വീസസ് താരങ്ങളായ മോഹന്‍ സൈനി (29:10.82) വെള്ളിയും സന്ദീപ് സിങ് (29:11.21) വെങ്കലവും നേടി. വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഹിമാചല്‍പ്രദേശിന്റെ സീമ (33:26.90) സ്വര്‍ണവും റെയില്‍വേസിന്റെ കവിത യാദവ് (33:35.57) വെള്ളിയും ഉത്തര്‍പ്രദേശിന്റെ ഫൂലന്‍ പാല്‍ (34:55.13) വെങ്കലവും നേടി.

 

 

Top