കേരളം മാത്രമല്ല, കര്‍ണ്ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളും മോദി സന്ദര്‍ശിക്കണമെന്ന് സിദ്ധരാമയ്യ

sidharammaya

ന്യൂഡല്‍ഹി: മഴയെ തുടര്‍ന്ന് കുടകിലും കര്‍ണാടകയിലും ഉണ്ടായ ദുരിതങ്ങള്‍ കണ്ടറിയാന്‍ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നരേന്ദ്രമോദി കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുടകിലും സന്ദര്‍ശനം നടത്തണമെന്നാണ് തനിയ്ക്ക് ആവശ്യപ്പെടാനുള്ളതെന്നും പ്രധാനമന്ത്രി എന്ന നിലയില്‍ അത് മോദിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായ മണ്ണിടിച്ചിലും മൂലം നിരവധി പേര്‍ കുടകില്‍ അകപ്പെട്ടിരുന്നു. നാലായിരത്തോളം ആളുകളെ മഴക്കെടുതിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രളയം 324 മനുഷ്യജീവനുകളെടുത്ത കേരളത്തിലെ പ്രധാന പ്രളയബാധിതപ്രദേശങ്ങളിലൂടെ മോദി ആകാശ യാത്ര നടത്തിയിരുന്നു. മാത്രമല്ല കേരളത്തിന് കേന്ദ്രം നല്‍കിയ പിന്തുണയും അടിയന്തര സഹായവും എടുത്തുകാട്ടിയാണ് അദ്ദേഹം രംഗത്ത്‌ വന്നത്.

പ്രദേശ് കോണ്‍ഗ്രസ് ചീഫ് ദിനേശ് ഗുണ്ടു റാവുവിനൊപ്പം സിദ്ദരാമയ്യ കുടകു ജില്ലയില്‍ പ്രളയവും ഉരുള്‍പ്പൊട്ടലും തകര്‍ത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടു ദിവസമായി ആ മേഖലകളില്‍ മഴ വിട്ടു നില്‍ക്കുന്നതിനാല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കുക, തകര്‍ന്ന റോഡുകള്‍ ശരിയാക്കുക, വൈദ്യുതി സംവിധാനങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ ഏജന്‍സികളില്‍ നിന്നായി 1019 പോരോളം ഉള്‍പ്പെടുന്ന രക്ഷാ പ്രവര്‍ത്തകരും കുടകിലെത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപയാണ് കര്‍ണാടകയ്ക്ക് ധനസഹായമായി പ്രഖ്യാപിച്ചത്. റോഡുകളുടെ പുനരുദ്ധാരണത്തിനായി മദ്രാസില്‍ നിന്നുള്ള എഞ്ചിനീയര്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലാകെ 51 റിലീഫ് ക്യാമ്പുകളിലായി 6996 പേരാണുള്ളത്. വ്യാഴാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 1118 വീടുകള്‍ നശിച്ചു. ദുരന്തത്തില്‍ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ഏക ജാലക സംവിധാനമൊരുക്കി ഡ്യൂപ്ലിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റൊരു ദുരിതബാധിത മേഖലയായ ദക്ഷിണ കന്നഡയില്‍ 5 മരണവും 360 വീടുകള്‍ നശിച്ചിരുന്നു. ഭൂമിശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നും മൂന്നംഗ ടീം പരിശോധനക്കായി ദുരിത ബാധിതപ്രദേശങ്ങളിലെത്തിയിരുന്നു. ദേശീയദുരന്തനിവാരണ സംഘത്തിലെ പ്രതിനിധികള്‍ ദുരിതത്തിന്റെ തീവ്രത കൃത്യമായറിയാനായി മാംഗളൂരുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Top