കര്‍ണാടക പ്രതിസന്ധി ; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്

ബെംഗുളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിമത എംഎല്‍എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ കര്‍ണാടക വിഷയത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് ഇറക്കി.

അതേസമയം കര്‍ണാടകയില്‍ മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആവശ്യമെങ്കില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെക്കുമെന്നും മന്ത്രിമാര്‍ രജിസന്നദ്ധത അറിയിച്ചെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മന്ത്രി യു ടി ഖാദര്‍ പ്രതികരിച്ചിട്ടുണ്ട്.

രാജിവച്ച എംഎല്‍മാരെ തിരികെക്കൊണ്ടുവരാനുള്ള അനുനയശ്രമങ്ങള്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്. രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗറെഡ്ഡിയെ അനുനയിപ്പിക്കാനും മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് ഇടപെടും. രാമലിംഗറെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.

അതേസമയം എംഎല്‍എമാരുടെ രാജിക്കത്ത് നാളെ സ്പീക്കര്‍ പരിഗണിക്കുന്നതിന് മുമ്പ് അനുനയ നീക്കങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു.

Top