കര്‍ണ്ണാടകയില്‍ താമര വിരിഞ്ഞു; മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ച് യെദ്യൂരപ്പ

ബെംഗളൂരു:കര്‍ണ്ണാടകയില്‍ ഓപ്പറേഷന്‍ താമര വിജയിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ച് യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പി വിജയിച്ചു. ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്യൂരപ്പയ്ക്ക് അനുഗ്രഹമായി.

104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിയാണ് ഒന്നര വര്‍ഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്.

Top