ഇന്ന് വൈകിട്ട് ആറ് മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മുന്‍പ് വിശ്വാസവോട്ട് നേടണമെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കു ഗവര്‍ണര്‍ വാജുഭായ് വാലയുടെ കത്ത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പായി വിശ്വാസ വോട്ട് തേടണമെന്ന് നേരത്തെ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് ആറ് മണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

കര്‍ണാടക വിശ്വാസ വോട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും തുടര്‍ന്നേക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്നു സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം എം എല്‍ എമാര്‍ക്കു മേല്‍ വിപ്പ് ചുമത്താനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക പി സി സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Top