മില്‍മയ്ക്ക് തിരിച്ചടി; കര്‍ണാടകയും തമിഴ്‌നാടും പാല്‍വില വര്‍ധിപ്പിച്ചു

കൊല്ലം : മില്‍മയ്ക്ക് തിരിച്ചടിയായി കര്‍ണാടകയും തമിഴ്‌നാടും പാല്‍വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പാലിന് തമിഴ്‌നാട്ടില്‍ 6 രൂപയും കര്‍ണാടകയില്‍ 4 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ സംഭരിക്കാനുള്ള മില്‍മയുടെ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.കരാറിന്റെ അടിസ്ഥാനത്തില്‍ മില്‍മ സംഭരിക്കുന്നതിനേക്കാളും കൂടിയ വിലയ്ക്കു സ്വകാര്യ സംരംഭകര്‍ എത്തുന്നതിനാല്‍ ഇവര്‍ക്കു പാല്‍ നല്‍കാനാണ് ഇരു സംസ്ഥാനങ്ങള്‍ക്കും താല്‍പര്യം.

നിലവില്‍ സംസ്ഥാനത്തിന്റെ പ്രതിദിന പാലുപയോഗം 2.13 ലക്ഷം ലീറ്ററാണ്. ഓണത്തിന്റെ തലേ ദിവസങ്ങളിലാണ് ആവശ്യം കുതിച്ചുയരുന്നത്. ഓണ ദിവസങ്ങളില്‍ 28 ലക്ഷം ലീറ്റര്‍ പാല്‍ കേരളത്തിനു വേണമെന്നാണു മില്‍മയുടെ തന്നെ കണക്ക്.

പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ പ്രതിദിനം 65000 ലീറ്റര്‍ വരെ കുറവുണ്ടായെന്നാണു മില്‍മയുടെ വിലയിരുത്തല്‍. ഇതിനൊപ്പം കാലിത്തീറ്റ വില വര്‍ധന കൂടിയായപ്പോള്‍ പാലുല്‍പാദനം കുറഞ്ഞു.

അതേ സമയം മില്‍മ പാലിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. വൈകാതെ തീരുമാനം അറിയിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലവര്‍ധന അനിവാര്യമായിരിക്കുകയാണെന്നാണ് മില്‍മയുടെ വാദം. കര്‍ഷകരുടെ ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന് മില്‍മ ചൂണ്ടിക്കാട്ടി.

Top