മുസ്ലീംകളും ക്രിസ്ത്യാനികളും അടക്കം എല്ലാവരും ‘നമ്മുടെ ആര്‍എസ്എസ്’ എന്ന് വിളിക്കേണ്ടിവരും’; വിവാദപ്രസ്താവനയുമായി കര്‍ണ്ണാടക സ്പീക്കര്‍

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ സമ്മേളനത്തിനിടെ നിയമസഭാ സ്പീക്കര്‍ നടത്തിയ ആര്‍എസ്എസ് അനുകൂല പ്രസ്താവന വിവാദമാകുന്നു. സ്പീക്കറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി നടത്തിയ ‘നമ്മുടെ ആര്‍എസ്എസ്’ എന്ന പ്രയോഗമാണ് വിവാദമായത്.

ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയോട് ‘എന്തുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ ആര്‍എസ്എസിനോട് ഇത്രയധികം ദേഷ്യപ്പെടുന്നത്’ എന്ന് കാഗേരി ചോദിച്ചു. ഇതോടെ സ്പീക്കര്‍, ആ കസേരയിലിരുന്ന് എങ്ങനെയാണ് ‘നമ്മുടെ ആര്‍എസ്എസ്’ എന്ന് വിളിക്കുക എന്ന് സമീര്‍ അഹമ്മദ് ഖാന്‍ എംഎല്‍എ ചോദ്യം ചെയ്തു.

എന്നാല്‍ സ്പീക്കര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. സ്പീക്കറെ ഭരണപക്ഷം അനുകൂലിച്ചതോടെ അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചു. ആര്‍എസ്എസ് ഞങ്ങളുടേതാണ്, നിങ്ങളുള്‍പ്പെടെ മുസ്ലീംകളും ക്രിസ്ത്യാനികളും നമ്മുടെ രാജ്യത്തെ എല്ലാവരും സമീപഭാവിയില്‍ ‘നമ്മുടെ ആര്‍എസ്എസ്’ എന്ന് വിളിക്കേണ്ടിവരും- സ്പീക്കര്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ സ്ഥാനത്തിരുന്ന് രാഷ്ട്രീയ ചായ്വ് കാട്ടരുതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതാദ്യമായല്ല കഗേരി ആര്‍എസ്എസിനോടുള്ള അടുപ്പം പരസ്യമായി പ്രഖ്യാപിക്കുന്നത്. 2019ല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കഗേരി തന്റെ നേട്ടങ്ങള്‍ക്ക് സംഘപരിവാറാണ് കാരണമെന്ന് പറഞ്ഞിരുന്നു.

Top