വിശ്വാസവോട്ടെടുപ്പിനായി അര്‍ധരാത്രി വരെയും കാത്തിരിക്കാമെന്ന് ബി.ജെ.പി; നിയമസഭയില്‍ ബഹളം

ബെംഗളൂരു: തിങ്കളാഴ്ച രാത്രി വൈകിയും തുടര്‍ന്ന കര്‍ണാടക നിയമസഭാ സമ്മേളനം കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാരുടെ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടു. പിന്നീട് സഭാ സമ്മേളനം പുനരാരംഭിച്ചെങ്കിലും എം.എല്‍.എമാര്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ഇടപെട്ടു.എം.എല്‍.എമാര്‍ ബഹളം തുടരുന്നത് ശരിയല്ലെന്നും ഇങ്ങനെയാണെങ്കില്‍ 12 മണി വരെ ഇവിടെ ഇരിക്കാന്‍ താന്‍ തയ്യാറാണെന്നും സ്പീക്കര്‍ കെ. രമേശ് കുമാര്‍ പറഞ്ഞു. ബഹളംവച്ച എം.എല്‍.എമാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ചാല്‍ താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, വിശ്വാസവോട്ടെടുപ്പിനായി തങ്ങള്‍ അര്‍ധരാത്രി വരെയും കാത്തിരിക്കാമെന്ന് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ സഭയെ അറിയിച്ചു. വിശ്വാസവോട്ട് നടത്താമെന്ന് കുമാരസ്വാമി ഉറപ്പുനല്‍കിയതാണെന്നും അര്‍ധരാത്രി 12 മണി വരെ തങ്ങള്‍ സഭയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തുമിനിറ്റ് മാത്രം ഒരംഗത്തിന് സംസാരിക്കാന്‍ സമയം നല്‍കുമെന്ന് പറഞ്ഞിട്ട്, ചര്‍ച്ച മണിക്കൂറുകള്‍ നീളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും എം.എല്‍.എമാരുടെ മുദ്രാവാക്യം വിളിയും ബഹളവും തുടര്‍ന്നു. ഭരണഘടന സംരക്ഷിക്കുക, നീതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാര്‍ സഭയില്‍ ഉന്നയിച്ചത്. നേരത്തെ ബഹളത്തെ തുടര്‍ന്ന് സഭ അല്പസമയം നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ സ്പീക്കര്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്.

അതേസമയം തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടിന് നിര്‍ദേശിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍.ശങ്കറും എച്ച്.നാഗേഷുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരാണ് ഇരുവരും. കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ നല്‍കിയ സമയപരിധി സര്‍ക്കാരും സ്പീക്കറും മൂന്നു തവണ ലംഘിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ ബിജെപി ഏജന്റ് എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സ്വതന്ത്ര എം.എല്‍.എമാരുടെ ഹര്‍ജി.

Top