കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കര്‍ണ്ണാടക

ബെംഗഌര്‍: ക്വാറന്റൈന്‍ നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

രണ്ട് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത കോലാറിലെ നഴ്‌സിംഗ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അറുപതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണ്ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിരവധി മലയാളികള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണ്ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ ശരിയായ നിലയില്‍ കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണ്ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും ശുപാര്‍ശയിലുണ്ട്.

Top