പ്രവേശന വിലക്ക്; കേരളത്തെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് കര്‍ണാടക. എന്നാല്‍, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് തുടരുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 31 വരെ കര്‍ണാടകയിലേക്ക് പ്രവേശനമില്ലെന്ന് ഇന്നലെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചത്. ഇതാണ് പിന്നീട് തിരുത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടക്കാന്‍ സാര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര യാത്രക്കാര്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിരിക്കുന്നത്. മെയ് 31 വരെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ പാസ് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും.

Top