കര്‍ണാടക തെരഞ്ഞെടുപ്പ്: എഐസിസി സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പേറ്റി എഐസിസി സര്‍വേ ഫലം പുറത്തു വന്നു. നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ തെരഞ്ഞെടുപ്പ് പാലം കടന്നുകിട്ടാന്‍ പാടുപെടുമെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍.

ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനും സംസ്ഥാന ഐടിടൂറിസം മന്ത്രിയുമായ പ്രിയങ്ക് ഖര്‍ഗെ, ജലവിഭവ വകുപ്പ് മന്ത്രി എം.ബി.പാട്ടീല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ.മഞ്ചു, നഗരവികസന മന്ത്രി റോഷന്‍ ബെയ്ഗ്, ഖനന വകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണി എന്നിവരാണ് വിജയ സാധ്യത ഇല്ലാത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഇവരുടെ മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരം ശരിക്കും നിഴലിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവും എഐസിസി സര്‍വെയിലെ കണ്ടെത്തലുകളെ ശരി വയ്ക്കുന്നുണ്ട്. 2013ല്‍ പാട്ടീല്‍ 4,355 വോട്ടിനും , കുവല്‍ക്കര്‍ണി 18,500നടുത്ത് വലിയ മാര്‍ജിനിലുമാണ് അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചു കയറിയത്. എന്നാല്‍ ഇത്തവണ അത് അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് സര്‍വേകളാണ് കോണ്‍ഗ്രസ് നടത്തിയത്. അതില്‍ രണ്ടെണ്ണം എഐസിസിയും ഒരെണ്ണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമാണ് നടത്തിയത്. മൂന്ന് സര്‍വേകളും നേരിയ ഭൂരിപക്ഷത്തിന് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

സംസ്ഥാന കെപിസിസി ( കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) നടത്തിയ സര്‍വേ പ്രകാരം 125 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നാണ് വിലയിരുത്തല്‍. അതേസമയം 120നടുത്ത് സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് എഐസിസി വിലയിരുത്തല്‍.

Top