കർണ്ണാടകയിലേക്ക് ഉറ്റുനോക്കി ബി.ജെ.പി, ഇവിടെയും കൈവിട്ടാൽ ‘പണി’ പാളും . . .

ഹാരാഷ്ട്രക്ക് പിന്നാലെ കര്‍ണാടകയിലും ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ ബി.ജെ.പി നേതൃത്വം. എം.എല്‍.എമാരെ ചാക്കിട്ട് ഭരണം പിടിക്കുന്ന മോഡി- അമിത്ഷാ തന്ത്രം മഹാരാഷ്ട്രയില്‍ ദയനീയമായി പരാജയപ്പെട്ടതാണ് കര്‍ണാടകയിലും ആശങ്കപരത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യത്തിലെ 16 എം.എല്‍.എമാരെ കൂറുമാറ്റി നേടിയ ഭരണം, എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാനായില്ലെങ്കില്‍ ബി.ജെ.പിക്ക് നഷ്ടമാകും. എട്ടു സീറ്റുകളിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കര്‍ണാടക ഭരണം ഇനി നിലനിര്‍ത്താനാവൂ. 15 മണ്ഡലങ്ങളിലേക്കാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഇവിടങ്ങളില്‍ ബി.ജെ.പി നടത്തി വരുന്നത്. കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് പ്രധാന പ്രചരണം നടക്കുന്നത്. ജെ.ഡി.എസും ശക്തമായി തന്നെ നിലവില്‍ മത്സരരംഗത്തുണ്ട്.

അയോഗ്യരാക്കപ്പെട്ട 13 എം.എല്‍.എമാര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കിയത് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരായിരുന്ന ഇവര്‍ക്കെല്ലാം പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനെതിരെ ബി.ജെ.പി പ്രാദേശിക നേതാക്കളാണ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഇതുവരെയായിട്ടും കെട്ടടങ്ങിയിട്ടില്ല. ഏഴു സീറ്റുകളില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് പ്രധാനമായും ബി.ജെ.പിയുടെ തലവേദന. ബി.ജെ.പി നേതാക്കള്‍ വിമതന്‍മാരായി രംഗത്തെത്തിയതും പാര്‍ട്ടിയുടെ വിജയ സാധ്യതയ്ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

അതേസമയം ബി.ജെ.പിയിലേക്ക് കാലുമാറിയ വിമതന്‍മാരെ അവരുടെ കുടുംബാംഗങ്ങളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നേരിടുന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇത്തവണ പയറ്റുന്നത്. ഗൊഖകില്‍ കോണ്‍ഗ്രസ് വിമതനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രമേശ് ജാര്‍ക്കിഹോളിക്കെതിരെ സഹോദരന്‍ ലഖന്‍ ജാര്‍ക്കിഹോളിയെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഹോസകോട്ടയില്‍ കോണ്‍ഗ്രസ് വിമതന്‍ എം.ടി.ബി നാഗരാജാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇവിടെ കോണ്‍ഗ്രസ് എം.എല്‍.എ ബൈരതി സുരേഷിന്റെ ഭാര്യ പത്മാവതിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചിരിക്കുന്നത്. ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ബി.ജെ.പി ഉറപ്പിക്കുമ്പോള്‍ വൊക്കലിംഗ, കുറുമ്പ സമുദായങ്ങളുടെ പിന്തുണയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഉപതെരഞ്ഞെടുപ്പില്‍ എട്ടു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ 80മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നാണം കെട്ട് രാജിവേക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഗതിയായിരിക്കും കര്‍ണാടകയില്‍ യെദ്യൂരിയപ്പക്കും ഉണ്ടാവുക. ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് 2018ല്‍ 55 മണിക്കൂര്‍ മാത്രമാണ് യെദ്യൂരപ്പക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയിരുന്നത്. കൈപ്പിടിയിലായ കര്‍ണാടക നിലനിര്‍ത്താന്‍ ബി.ജെ.പിയും കൈവിട്ടഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ശക്തമായ പോരാട്ടമാണിപ്പോള്‍ നടത്തിവരുന്നത്.

കര്‍ണാടകയില്‍ യെദ്യൂരപ്പ ഭരണത്തിന് അന്ത്യം കുറിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് കര്‍ണാടകയായിരുന്നു. പിന്നീട് ബി.ജെ.പി വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസ് ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി കര്‍ണാടകയില്‍ വിട്ടുവീഴ്ച ചെയ്തതും ഈ സാമ്പത്തിക സ്രോതസ് തകരരുതെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.

എന്നാല്‍ ഭരണപക്ഷ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ഭരണം അട്ടിമറിച്ച് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായതോടെ ‘കളിയും’ മാറുകയാണുണ്ടായത്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കര്‍ണാടകയില്‍ വലിയ രൂപത്തിലുള്ള കോണ്‍ഗ്രസ് വേട്ടയാണ് പിന്നീട് നടന്നിരുന്നത്. അറുപത് തവണയോളം റെയ്ഡ് നടത്തി വേട്ടയാടിയ മുന്‍ കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാറിനെ തന്നെയാണ് ആദായനികുതികേസില്‍ ആദ്യം അകത്താക്കിയിരുന്നത്. ശിവകുമാറിന്റെ മകളെപ്പോലും കേസില്‍കുടുക്കുന്ന സാഹചര്യവും ഉണ്ടായി. ഈ വേട്ടയാടലിനെതിരെ രാഷ്ട്രീയ വിജയം നേടാനാണ് കോണ്‍ഗ്രസിപ്പോള്‍ കരുക്കള്‍ നീക്കുന്നത്.

modi and amith shah

modi and amith shah

മഹാരാഷ്ട്ര, ബി.ജെ.പിയില്‍ നിന്നും ത്രികക്ഷി സഖ്യത്തിനായി പിടിച്ച ആത്മവിശ്വാസത്തിലാണ് ഈ നീക്കങ്ങളെല്ലാം. കര്‍ണാടകയില്‍ പ്രതിപക്ഷം ഭരണം തിരിച്ചുപിടിച്ചാല്‍ അത് മോഡി- അമിത്ഷാ കൂട്ടുകെട്ടിനുള്ള ശക്തമായ തിരിച്ചടിയായി മാറും. ഈ അപകടം തിരിച്ചറിഞ്ഞാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. അമിത് ഷാ തന്നെയാണ് ഇവിടെ നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിച്ചുവരുന്നത്.

ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. ജെ.ഡി.എസിന്റെ നിലപാടുകളും ഇനി നിര്‍ണ്ണായകമാകും. ഭൂരിപക്ഷം നഷ്ടമായാല്‍ ദേവഗൗഡയുടെ ഈ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബി.ജെ.പി തയ്യാറാകുമെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്. സ്വന്തം എം.എല്‍.എമാരെ മാത്രമല്ല ജെ.ഡി.എസ് എം.എല്‍.എമാരെ പോലും നിരീക്ഷിക്കേണ്ട ഗതികേടിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം.

കോണ്‍ഗ്രസ് ഹൈക്കമാന്റും കര്‍ണാടകയില്‍ ഭരണം തിരിച്ചു പിടിക്കണമെന്ന ഉറച്ച വാശിയിലാണിപ്പോള്‍. ഭിന്നത മറന്ന് ജെഡിഎസിനെ ഒപ്പം നിര്‍ത്തണമെന്ന നിര്‍ദേശം ഹൈക്കമാന്റാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ണാടക കൂടി കൈവിട്ടാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം നഷ്ടമാകുമെന്ന രാഷ്ട്രീയ തിരിച്ചടിയാണ് കാവിപ്പടയെ കാത്തിരിക്കുന്നത്. വന്‍ഭൂരിപക്ഷത്തില്‍ മോദി രണ്ടാംവട്ടവും പ്രധാനമന്ത്രിയായെത്തിയെങ്കിലും പാര്‍ട്ടികളെ പിളര്‍ത്തിയും എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച ബി.ജെ.പിക്ക് അവ ഓരോന്നുമിപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. 2018ന്റെ ആരംഭത്തില്‍ 21 സംസ്ഥാനങ്ങളിലുണ്ടായിരുന്ന എന്‍.ഡി.എ ഭരണം ഇപ്പോള്‍ 16 ഇടങ്ങളിലായി ചുരുങ്ങിയിട്ടുണ്ട്.

2014ല്‍ ബി.ജെ.പി കേന്ദ്രത്തിലെത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബി.ജെ.പി ഭരണം. എന്നാല്‍ 2018ല്‍ മോദി പ്രധാനമന്ത്രിയായതിന്റെ ബലത്തില്‍ അത് 21 സംസ്ഥാനങ്ങളായി ഉയരുകയാണ് ഉണ്ടായത്. മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വമാണ് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് കാരണമായിരുന്നത്. കോണ്‍ഗ്രസ് ഭരണത്തിലും മറ്റ് ഇതര പാര്‍ട്ടികള്‍ ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപി പിടിമുറുക്കുകയുണ്ടായി. 2014 ല്‍ ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗോവ, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളായിരുന്നു നേരിട്ടോ അല്ലാതെയോ ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ എല്ലാം പാടെ മാറി മറിയുകയായിരുന്നു.

2018 മാര്‍ച്ചോടെ ബി.ജെ.പിയുടെ കൈയിലിരുന്ന പഞ്ചാബിന്റെ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുത്തു. തുടര്‍ന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും ബി.ജെ.പിയെ കൈവിടുകയുണ്ടായി. 21 സംസ്ഥാനങ്ങളില്‍ അധികാരമുണ്ടായിരുന്ന ബി.ജെ.പിക്ക് നിലവില്‍ 17 സംസ്ഥാനങ്ങളിലാണ് നേരിട്ടോ അല്ലാതെയോ നിലവില്‍ ഭരണമുള്ളത്. ഇപ്പോള്‍ മഹാരാഷ്ട്രയും കൂടി കൈയില്‍ നിന്ന് പോയതോടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. രാജ്യത്തെ ബി.ജെ.പി ഭരണ പ്രദേശം 71 ശതമാനത്തില്‍ നിന്നും 45 ശതമാനമായാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണക്കുകളാണിത്.

Political Reporter

Top