കര്‍ണാടക പ്രതിസന്ധി ; വിശ്വാസ വോട്ടെടുപ്പ് ഇന്ന് ഉണ്ടായേക്കില്ല

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധിയില്‍ അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് നടത്തുകയും വിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്താലും കോടതിവിധിയുടെ ആനുകൂല്യമുള്ളതുകൊണ്ട് വിമത എംഎല്‍എമാര്‍ സഭയിലെത്തില്ലെന്നും അത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം, എന്നാല്‍ ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബിജെപി സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് സഖ്യ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്നും സുപ്രീംകോടതി ഉത്തരവ് ചര്‍ച്ചയാക്കാനില്ലെന്നും ബിജെപി നേതാവ് എന്തിനാണ് വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ധൃതികൂട്ടുന്നതെന്നും കുമാരസ്വാമി ചോദിച്ചു. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

സര്‍ക്കാരിനെതിരെ വിമതര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സഖ്യം നിലനില്‍ക്കുന്നതിനേക്കാള്‍ പ്രധാനം ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണെന്നും കുമാരസ്വാമി പറഞ്ഞു.

അതിനിടെ ഡി.കെ.ശിവകുമാറും ബിജെപി അംഗങ്ങളും തമ്മില്‍ സഭയില്‍ ഏറ്റുമുട്ടി. സഭാ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു.

15 വിമത എംഎല്‍എമാരടക്കം 21 പേര്‍ സഭാ നടപടികളില്‍നിന്ന് വിട്ടുനിന്നു. 2 സ്വതന്ത്രര്‍, കോണ്‍ഗ്രസിന്റെ നാഗേന്ദ്ര റെഡ്ഡിയും ശ്രീമന്ത് പാട്ടീലും ഒരു ബിജെപി എംഎല്‍എ എന്നിവര്‍ സഭയിലെത്തിയിട്ടില്ല.

Top