കര്‍ണാടക പ്രതിസന്ധി: ഇന്നു തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. വൈകീട്ട് ആറ് മണിക്ക് മുന്‍പ് സ്പീക്കര്‍ക്ക് മുന്‍പാകെ എത്തി രാജിക്കത്ത് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ കാര്യം റോത്തഗി സുപ്രീംകോടതിയെ ധരിപ്പിച്ചു. രാജിവയ്ക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുത്ത് സ്പീക്കര്‍ നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

എംഎല്‍എമാര്‍ക്ക് വേണമെങ്കില്‍ സ്പീക്കറെ കാണാം എന്നും സുപ്രീം കോടതി പറഞ്ഞു. എംഎല്‍എമാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ഡിജിപിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നാണ് കോടതി നിലപാട്.

Top