കര്‍ണാടക പ്രതിസന്ധി : സ്പീക്കര്‍ കോടതി ഉത്തരവ് ലംഘിച്ചെന്ന് വാദം

ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം തുടങ്ങി. സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എംഎല്‍എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി വാദിച്ചു. സ്പീക്കറുടെ വാര്‍ത്താ സമ്മേളനം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി വ്യക്തമാക്കി.

അതേസമയം 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്വി പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും സിങ്വി പറഞ്ഞു. സുപ്രീംകോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

വിമത എംഎല്‍എമാരുടെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സ്പീക്കര്‍ രാജി കത്ത് സ്വീകരിക്കുന്നില്ലെന്നും ഇക്കാാര്യത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നുമാണ് വിമത എംഎല്‍എമാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി. അതേസമയം രാജി കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

Top