കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയനാടകങ്ങളില്‍ സിദ്ധരാമയ്യക്ക് പങ്കെന്ന് സംശയിച്ച് കോണ്‍ഗ്രസ്

siddaramaiah

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലാഴ്ത്തിയുള്ള എംഎല്‍എമാരുടെ കൂട്ടരാജിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമ്മര്‍ദ്ദ തന്ത്രമാണോയെന്ന് സംശയിച്ച് കോണ്‍ഗ്രസ് നേതൃത്വം. ചാടിപ്പോയ എംഎല്‍എമാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ഒരു മുതിര്‍ന്ന നേതാവ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രാജിവച്ച എംഎല്‍എമാരില്‍ ഒരു വിഭാഗമെങ്കിലും സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും രാജിനീക്കം സംബന്ധിച്ച നാടകങ്ങള്‍ സിദ്ധാരാമയ്യയുടെ അറിവോടെയാണ് നടക്കുന്നതെന്നും മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാളയത്തിലെ കള്ളന്‍ എന്നാണ് എംഎല്‍എമാരുമായി സംസാരിച്ച മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ വിശേഷിപ്പിച്ചതെന്നും വിവരമുണ്ട്.

കര്‍ണാടകത്തില്‍ പതിമൂന്ന് എംഎല്‍എമാര്‍ ഒന്നിച്ച് രാജിവയ്ക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞത് ഏറെ വൈകിയായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നാണ് എഐസിസി വിലിയിരുത്തല്‍.

ഇതിനിടെ രാജിവെച്ച ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ചില എംഎല്‍എമാര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് ഈ എംഎല്‍എമാര്‍ അറിയിച്ചത്. നേരത്തെ തന്നെ സിദ്ധരാമയ്യയുമായി അടുത്ത് നില്‍ക്കുന്ന എംഎല്‍എമാര്‍ ഈ ആവശ്യം രഹസ്യമായി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ മല്ലികാര്‍ജുനഖാര്‍ഗ്ഗെ മുഖ്യമന്ത്രിയാവണം എന്നാണ് മറ്റു ചിലരുടെ നിലപാട്.

അതേസമയം മുഖ്യമന്ത്രിയാകാനില്ലെന്ന് ഖാര്‍ഗെ അറിയിച്ചു. കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് സഖ്യസര്‍ക്കാരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഗാര്‍ഖെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഉണ്ടായ രാഷ്ട്രീയ നാടകത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള എംഎല്‍എമാരെങ്കിലും രാജിവച്ചിരിക്കുന്നത് സിദ്ധരാമയ്യയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് പാര്‍ട്ടി സംശയിക്കുന്നത്.

Top