കുതിരക്കച്ചവടം തടയാനാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചതെന്ന് കെ സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടാനുള്ള കര്‍ണാടക എച്ച് ഡി കുമാരസ്വാമിയുടെ തീരുമാനം കുതിരക്കച്ചവടം അവസാനിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഈ തീരുമാനം കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നെടുത്തതാണെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കൂറുമാറ്റ നിയമം മറികടക്കാനാണ് വിമതര്‍ രാജിനാടകം കളിക്കുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കു എന്ന ലക്ഷ്യം തനിക്കില്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

അതിനിടെ, കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി നേതാവ്ബി.എസ്. യെദ്യൂരപ്പ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹം സഭാ ഹാളില്‍നിന്ന് ചേംബറിലേക്ക് മടങ്ങിയത്.

എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.

കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്. ചൊവ്വാഴ്ച്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Top