കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തേക്കും

ബെംഗുളൂരു: വിശ്വാസ വോട്ടെടുപ്പില്‍ തട്ടി എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാര്‍ വീണതിന് പിന്നാലെ കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ ചെയ്തേക്കുമെന്നാണ് സൂചന.

ഇതോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ബിജെപി അവകാശവാദം ഉന്നയിക്കുന്നത് വൈകും. അവകാശവാദം ഉന്നയിക്കുന്നതിന് വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.

അതേസമയം കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്.

കേന്ദ്രനേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദില്ലിയില്‍ നിന്നും നിര്‍ദേശം ലഭിച്ചാലുടന്‍ എംഎല്‍എമാരുമായി രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെ സര്‍ക്കാരിന് സഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണം.

Top