കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; ഒരു എംഎല്‍എയെ കാണാനില്ല

ബെംഗുളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പിന് തൊട്ട്മുന്‍പായി കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഇന്ന് വിശ്വസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ കാണാനില്ലെന്നാണ് വിവരം. എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍നിന്നാണ് സീമന്ത് പാട്ടീലിനെ കാണാതായത്. ഇന്നലെ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം ഇയാളെ കാണാനില്ലെന്നാണു വിവരം. പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്.

എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.

അതേസമയം വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടി വയ്ക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബിജെപി സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ക്കാരിന്റെ നിലനില്‍പ്പ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിന്റെ ഫലത്തിലാണ്. ഇന്ന് രാവില 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.

അതേസമയം രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് 12 എം എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എം എല്‍ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും.

എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ,ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എങ്ങനെയും എംഎല്‍എല്‍എമാരുടെ മനസ് മാറ്റുന്ന ഒരു അല്‍ഭുതം സംഭവിച്ചാല്‍ ഭരണം തുടരാനാവും എന്ന പ്രതീക്ഷയില്‍ തുടരുകയാണ് കുമാരസ്വാമി സര്‍ക്കാരും.

Top