കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടി വയ്ക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടി വയ്ക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനാണ് ഈ നീക്കമെന്നാണ് സൂചന.

അതേസമയം, എന്നാല്‍ ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബിജെപി സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് സഖ്യ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

അതിനിടെ വിശ്വാസ വോട്ടെടുപ്പിന് തൊട്ട്മുന്‍പായി കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ കാണാനില്ലെന്നാണ് വിവരം. എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍നിന്നാണ് സീമന്ത് പാട്ടീലിനെ കാണാതായത്. ഇന്നലെ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം ഇയാളെ കാണാനില്ലെന്നാണു വിവരം. പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്.

എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.

Top