രാജിവച്ചത് 14 എംഎല്‍എമാര്‍; കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി, പിന്നില്‍ സിദ്ധരാമയ്യയോ ബിജെപിയോ ?

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലാഴ്ത്തി കര്‍ണാടകത്തില്‍ വീണ്ടും എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇപ്പോള്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ് വിമത നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. സഖ്യ കക്ഷി സര്‍ക്കാര്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റിയില്ല.എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അത് കൊണ്ട് സ്വമേധയാ രാജിവെക്കുകയായിരുന്നു. ഓപ്പറേഷന്‍ കമലയുമായി തങ്ങളുടെ രാജിക്ക് ബന്ധമില്ലെന്നും വിശ്വനാഥ് പറഞ്ഞു.സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടു.

ഇതിനിടെ രാജിവെച്ച ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ചില എംഎല്‍എമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് ഈ എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്.

രാജിവെച്ചിരിക്കുന്ന എംഎല്‍എമാരില്‍ മിക്കവരും സിദ്ധരാമയ്യയുമായി അടുത്ത് നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ നീക്കം സിദ്ധരാമയ്യയുടെ സമര്‍ദ്ദ തന്ത്രമാണോ എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

എംഎൽഎമാരുടെ കൂട്ടരാജിക്കു പിന്നാലെ സർക്കാർ രൂപീകരിക്കാൻ തയാറാണെന്നു ബിജെപി പരസ്യമായി നിലപാടെടുത്തു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്. 11 എംഎൽഎമാർ ശനിയാഴ്ച സ്പീക്കർക്ക് രാജി നൽകിയതിനു പിന്നാലെയാണു ബിജെപി മറുനീക്കം ശക്തമാക്കിയത്.ഇതിനിടെ യുഎസിലായിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Top