ബാബരി മസ്ജിദ് പൊളിച്ച കേസുകള്‍ പൊടിതട്ടിയെടുത്ത് കര്‍ണാടക പോലീസ്‌;പ്രതികളെ 30 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതികളായ രണ്ടു ബിജെപി പ്രവര്‍ത്തകരെ 30 വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു കര്‍ണാടക പോലീസ്. ഹുബ്ബള്ളിയില്‍ ഭിന്ന മതവിശ്വാസിയുടെ വ്യാപാര സ്ഥാപനം അടിച്ചു തകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത ശ്രീകാന്ത് പൂജാരിയാണ് അറസ്റ്റിലായത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

300 പേരെ പ്രതി ചേര്‍ത്തുള്ള പട്ടികയാണ് പ്രത്യേക സംഘം തയാറാക്കിയിരിക്കുന്നത്. 1992-ല്‍ കേസില്‍പ്പെട്ട പലരും ഇന്ന് 70 വയസു പിന്നിട്ടവരാണ്. ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്, മറ്റു ചിലര്‍ സംസ്ഥാനം വിട്ടു പോകുകയോ മരണമടയുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പഴയ കേസുകള്‍ കുത്തിപ്പൊക്കി വീണ്ടും നാടിനെ നരകമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ ബിജെപി ഹുബ്ബള്ളിയില്‍ വീട് കയറിയുളള പ്രചാരണം ആരംഭിച്ചു കഴിഞ്ഞൂ. അയോധ്യയില്‍ രാമക്ഷേത്രമുയര്‍ന്നതില്‍ കോണ്‍ഗ്രസിനു അതൃപ്തിയാണെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനാണു ശ്രമം. ഈ വിഷയം ആളിക്കത്തിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ അണിയറയില്‍ സജീവമായി കഴിഞ്ഞു .

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം മുന്നില്‍ കണ്ടാണ് അറസ്റ്റെന്നു ബിജെപി ആരോപിച്ചു. രാമക്ഷേത്രത്തെയും ശ്രീരാമ ഭക്തരായ ഹിന്ദുക്കളെയും കോണ്‍ഗ്രസിന് ഭയമാണ്, ശ്രീകാന്ത് പൂജാരിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആര്‍ അശോക് ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റില്‍ അസ്വാഭാവികതയില്ലെന്നു ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു.അതേസമയം, ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പഴയ വര്‍ഗീയ സംഘര്‍ഷ കേസുകള്‍ പോലീസ് പൊടി തട്ടിയെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട് . ഇതിനായി പ്രത്യേക സംഘത്തെ ചുമതലപെടുത്തിയതായാണ് വിവരം. 1990-1996 കാലഘട്ടത്തില്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ ഹുബ്ബള്ളിയില്‍ അരങ്ങേറിയിരുന്നു. 1990 ലെ എല്‍ കെ അദ്വാനിയുടെ രഥ യാത്ര കടന്നു പോയപ്പോഴും 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയായ ജില്ലയാണിത്. അന്നു സംഘര്‍ഷത്തില്‍ പ്രതികളായ മിക്കവരും ഇന്ന് കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാക്കളാണ്. ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ ഉള്‍പ്പടെ 30 വര്‍ഷങ്ങള്‍ക്കിപ്പുറം തുടര്‍ നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.

Top