638 പന്തില്‍ 404 റണ്‍സ്; ചരിത്രനേട്ടം സ്വന്തമാക്കി കര്‍ണായക യുവതാരം പ്രകാര്‍ ചതുര്‍വേദി

ഷിമോഗ : കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ മുംബൈക്കെതിരെ ചരിത്രനേട്ടം സ്വന്തമാക്കി കര്‍ണായക യുവതാരം പ്രകാര്‍ ചതുര്‍വേദി. 638 പന്തില്‍ 404 റണ്‍സടിച്ച ചതുര്‍വേദി ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ കുറിച്ച 400 റണ്‍സിന്റെ വ്യക്തിഗത സ്കോറെന്ന നേട്ടം മറികടന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ അണ്ടര്‍ 19 വിഭാഗത്തിലെ ചതുര്‍ദിന ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഫൈനലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. 46 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ചതുര്‍വേദിയുടെ ഇന്നിംഗ്സ്.

രണ്ട് ദിവസത്തോളം ക്രീസില്‍ നിന്ന ചതുര്‍വേദി ഒറ്റക്ക് 100 ഓവറില്‍ കൂടുതല്‍ നേരിട്ടു. ആദ്യ ഇന്നിംഗ്സില്‍ മുംബൈ നേടിയ 380 റണ്‍സിനെക്കാള്‍ 24 റണ്‍സ് കൂടുതല്‍ ചതുര്‍വേദി ഒറ്റക്ക് നേടി. ചതുര്‍വേദിയുടെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ കര്‍ണാടക കിരീടം ഉറപ്പാക്കുകയും ചെയ്തു.

കര്‍ണാടകക്ക് വേണ്ടി ഹര്‍ഷില്‍ ധര്‍മാനി 169 റണ്‍സടിച്ചപ്പോള്‍ കെ പി കാര്‍ത്തികേയ 72 റണ്‍സടിച്ചു. ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് 46 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി.

Top