അമ്മ കൈവിട്ടുപോയെന്ന് എംഎല്‍എ ! മതം മാറ്റുന്നതില്‍ നിയമനിര്‍മ്മാണത്തിന് കര്‍ണാടക

കര്‍ണാടക: വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നതിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ നീക്കവുമായി കര്‍ണാടക. ഇതുസംബന്ധിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരണം നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞദിവസം എംഎല്‍എയായ ഗൂലിഹട്ടി ശേഖര്‍ മതപരിവര്‍ത്തനം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകത്തിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നുവെന്നും, തന്റെ അമ്മ ഉള്‍പ്പെടെ ഹിന്ദുമത വിശ്വാസികളായ 20000 പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്.

നെറ്റിയില്‍ കുങ്കുമം പോലും ധരിക്കരുതെന്നാണ് മിഷണറിമാര്‍ അമ്മയോട് പറഞ്ഞതെന്നും, അമ്മയുടെ റിംഗ് ടോണ്‍ അടക്കം ക്രിസ്തീയ ഭക്തിഗാനം ആയി മാറിയ നിലയാണ് ഇപ്പോള്‍. പൂജ ചെയ്യല്‍ പോലും വീടിനുള്ളില്‍ സാധിക്കാത്ത സ്ഥിതിയാണെന്നും എന്തെങ്കിലും പറഞ്ഞാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഗൂലിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.

മിഷണറിമാര്‍ അമ്മയെ പലവിധ കാര്യങ്ങള്‍ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മതപരിവര്‍ത്തനം നടത്തിയതെന്നുമായിരുന്നു എംഎല്‍എയുടെ ആരോപണം. സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്ന കര്‍ണാടകയില്‍ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും മതപരിവര്‍ത്തനം സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Top