കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു

ബാംഗഌര്‍: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയില്‍ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമേ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കൂ.

രാത്രി കര്‍ഫ്യൂവിലും ഇളവ് അനുവദിക്കും. നിലവില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ അഞ്ചുവരെയാണ് രാത്രി കര്‍ഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നല്‍കിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.

Top