കര്‍ണാടക എംഎല്‍സി ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് വിജയം

ബെംഗളൂരു: കര്‍ണാടക എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിഎസ് സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വിജയം. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎല്‍സി തിരഞ്ഞെടുപ്പിലാണ് വിജയം. ജെഡിഎസ് സ്ഥാനാര്‍ത്ഥി എ പി രംഗനാഥനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി പുട്ടണ്ണയുടെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സീറ്റ് പങ്കിടലിന്റെ ഭാഗമായി ബിജെപി ജെഡിഎസിന് കൈമാറിയ സീറ്റിലെ വിജയം ഇന്‍ഡ്യാ സഖ്യത്തിന് ആവേശമായി.

ഫെബ്രുവരി 16 നായിരുന്നു തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി-ജെഡിഎസ് സഖ്യത്തിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ വിജയം കര്‍ണാടക കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. വിദ്യാഭ്യാസമുള്ള ജനത ബിജെപി-ജെഡിഎസ് സഖ്യത്തെ അംഗീകരിക്കുന്നില്ലെന്നും അതിന്റെ തെളിവാണ് പരാജയമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

ജെഡിഎസിന്റെ ലീഗല്‍ സെല്‍ പ്രസിഡന്റ് കൂടിയാണ് പരാജയപ്പെട്ട എം പി രംഗനാഥ്. 1,507 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. നേരത്തെ ബിജെപി മത്സരിച്ചിരുന്ന മണ്ഡലം പിന്നീട് ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലെത്തിയതോടെ സീറ്റ് കൈമാറുകയായിരുന്നു. ജെഡിഎസ് പരാജയം ‘സ്പെഷ്യല്‍’ ആണെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

Top