കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനം ഇന്ന്

ബെംഗളൂരു : കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്. 11 വിമതരുടെ കാര്യത്തില്‍ രാവിലെ പതിനൊന്നരയോടെ തീരുമാനമാകും. സ്പീക്കര്‍ക്കെതിരായ അവിശ്വാസ നീക്കത്തിനിടെയാണ് തീരുമാനം.

അതേസമയം കര്‍ണാടകത്തില്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. അന്ന് തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത.

അയോഗ്യത നടപടിക്കെതിരെ മൂന്ന് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എംഎല്‍എമാരാണ് സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. പതിനാല് പേരുടെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം വരാനിരിക്കെയാണ് ഇത്. രാജിവച്ച 13 പേര്‍ക്കും, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ശ്രീമന്ത് പാട്ടീലിനും എതിരെ നടപടി വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസും ജെഡിഎസും.

തിങ്കളാഴ്ച യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് അയോഗ്യതയുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം പ്രഖ്യാപിക്കും. രമേഷ് ജര്‍കിഹോളി, മഹേഷ് കുമട്ഹള്ളി, ആര്‍ ശങ്കര്‍ എന്നിവര്‍ അയോഗ്യരായതോടെ വിമത എംഎല്‍എമാര്‍ ആശങ്കയിലാണ്. അയോഗ്യരായാല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ ഭാഗമാവാനാകില്ല. എന്നാല്‍ വിമതര്‍ക്കെതിരെ നടപടികള്‍ വേഗത്തിലാവണമെന്ന നിലപാടിലാണ് ബിജെപി. രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും 105 അംഗങ്ങള്‍ ഉള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താം.

അതിനിടെ, ബിജെപിയെ പിന്തുണക്കണം എന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജി ടി ദേവഗൗഡ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുക, അല്ലെങ്കില്‍, ബിജെപിയെ പിന്തുണക്കുക എന്നീ നിലപാടുകളില്‍ ഏത് വേണം എന്ന് കുമാരസ്വാമി തീരുമാനിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്നാണ് ജെഡിഎസ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്ന് കുമാരസ്വാമി പറഞ്ഞിരുന്നു.

Top