ബിജെപിയുടെ ഗൂഡാലോചനയിലും തന്ത്രങ്ങളിലും കോണ്‍ഗ്രസ് വീണുപോകില്ല; പ്രിയങ്ക് ഖാര്‍ഗെ

ബാംഗ്ലൂര്‍: ദേശീയ പതാകയെയും ഭരണഘടനയെയും അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപിയോട് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. നിങ്ങള്‍ക്ക് ദേശീയ പതാകയെയും ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യയുടെ അഖണ്ഡതയെയും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്നാണ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ വാക്കുകള്‍.

ബിജെപിയുടെ ഗൂഡാലോചനയിലും തന്ത്രങ്ങളിലും കോണ്‍ഗ്രസ് വീണുപോകില്ല. അതിനെ ഫലപ്രദമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മാണ്ഡ്യ ജില്ലയില്‍സര്‍ക്കാര്‍ ഭൂമിയിലെ ഹനുമാന്റെ ചിത്രം പതിച്ച കാവി കൊടി ഉയര്‍ത്തിയ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ദേശീയ പതാക വെറുക്കുന്ന ആര്‍എസ്എസിനെ പോലെ ആര്‍എസ്എസ് പരിശീലിപ്പിച്ച ബിജെപിയും ദേശീയ പതാകയെ വെറുക്കുന്നുണ്ട്. ദേശീയ പതാകയെ മാനിക്കുന്നതിന് പകരം വെറുക്കുകയാണ് ബിജെപി.ദേശീയ പതാകയോടുള്ള വിദ്വേഷം കാണിച്ച് ബിജെപി ദേശവിരുദ്ധരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. തീരദേശത്തെ ഹിന്ദുത്വ പരീക്ഷണശാലയാക്കിയ ബിജെപിയും സംഘപരിവാറും ഇപ്പോള്‍ മാണ്ഡ്യ ജില്ലയില്‍ സജീവമായെന്നും ഹിന്ദുത്വ പരീക്ഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സമൂഹം സമാധാനത്തിലായാല്‍ ബിജെപിക്ക് സമാധാനമുണ്ടാകില്ലെന്നാണ് തോന്നുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി തരംതാണു. ത്രിവര്‍ണ പതാകയ്ക്ക് പകരം ഹനുമാന്റെ പതാക ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തിയത് ആരാണെന്നും ബിജെപി നിയമവും ചട്ടവും ക്രമവും ചവറ്റുകൊട്ടയായി കാണുന്നതെന്തിനാണെന്നും ബി ടി പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു.

Top