ഭൂരിപക്ഷം നഷ്ടമായി ; കര്‍ണാടക മുഖ്യമന്ത്രി രാജിവെക്കണമെന്ന് യെദിയൂരപ്പ

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും വിമതരെല്ലാം ബിജെപിക്ക് ഒപ്പമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ സമവായ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയാണ് സംഭവിച്ചത്. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി.

ഇന്ന് മുംബൈയ്ക്ക് തിരികെപ്പോയ വിമതന്‍ കെ സുധാകറിനൊപ്പം എംടിബി നാഗരാജും പോയിട്ടുണ്ട്. ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് താന്‍ രാജിയില്‍ നിന്നും പിന്മാറുന്ന വിവരം നാഗരാജ് അറിയിച്ചത്.

Top