കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബാംഗ്ലൂര്‍: കേരളത്തില്‍ നിന്നും വരുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര പറഞ്ഞു. ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നതിനാല്‍ ചികിത്സ ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടകയുടെ തീരുമാനം തിരിച്ചടിയാകും.

കേരളവുമായി ചേര്‍ന്നു കിടക്കുന്ന തലപ്പാടി, സാറടുക്ക, ജാല്‍സൂര്‍, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും ജാഗ്രതയുടെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ കേരളത്തിലേക്കുള്ള മറ്റ് റോഡുകളിലും ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും മംഗളുരു ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു.

മുമ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലെന്ന നിലയിലാണ് ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കിയത്.

Top