കോവിഡ് പ്രതിരോധത്തില്‍ കേരളം ഉത്തമ മാതൃകയെന്ന് കര്‍ണാടക

ബെംഗളൂരു: കോവിഡ് പ്രതിരോധിക്കുന്നതിലും മരണനിരക്കു കുറയ്ക്കുന്നതിലും കേരളം ഉത്തമ മാതൃകയാണു സൃഷ്ടിച്ചതെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍. കോവിഡ് പ്രതിരോധ രംഗത്തു ശക്തമായ മുന്നേറ്റം നടത്തിയ കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹ ഇക്കാര്യം പറഞ്ഞത്.

”കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പു തോന്നി. അതുകൊണ്ടു ആരോഗ്യമന്ത്രിയുമായി വിഡിയോ ചര്‍ച്ചയ്ക്ക് അനുമതി തേടുകയായിരുന്നു. അവര്‍ സമ്മതിച്ചതിനെ തുടര്‍ന്നു വളരെ ഫലപ്രദമായ ചര്‍ച്ച നടത്താന്‍ കഴിഞ്ഞു. നിപ്പ കൈകാര്യം ചെയ്തും കേരളത്തിനു പരിചയമുണ്ട്. കേരളത്തിലെ ആരോഗ്യ രംഗം എത്രത്തോളം ശക്തമാണെന്ന് അവര്‍ വിശദീകരിച്ചു.”- ഡോ. സുധാകര്‍ പറഞ്ഞു.

കോവിഡ് പരിശോധന, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, സുരക്ഷാ മാനദണ്ഡങ്ങള്‍, ഹോം ക്വാറന്റീന്‍, ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കല്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ട്വീറ്റ് ചെയ്തു.

കേരളത്തില്‍ രോഗികള്‍ തന്നെ വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തുന്ന അവസ്ഥയുണ്ടെന്ന് ഡോ. സുധാകര്‍ പറഞ്ഞു. എന്നാല്‍ കര്‍ണാടകത്തില്‍ അവസാനഘട്ടത്തിലാണു പലരും ആശുപത്രിയില്‍ എത്തുന്നത്. ഇവരില്‍ പലരും മരണപ്പെടുകയും ചെയ്തുവെന്നും ഡോ. സുധാകര്‍ പറഞ്ഞു.

രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്താമെന്ന ധാരണയിലാണു ചര്‍ച്ച അവസാനിച്ചത്. മഹാമാരിയെ പ്രതിരോധിക്കാനായി കേരളം പിന്തുടര്‍ന്ന മികച്ച ചികിത്സാ രീതികള്‍ മനസിലാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കര്‍ണാടകയില്‍ തിങ്കളാഴ്ച 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 862 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 31 പേര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്.

Top