ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; ഭരിക്കാന്‍ പറ്റുന്നത് വെറും അഞ്ച് മാസമെന്ന് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്റെ നടപടി അനാവശ്യമെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. നവംബര്‍ മൂന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് യെദ്യൂരപ്പ പറയുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് അഞ്ചുമാസത്തോളമേ ഭരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരും. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും പറയുന്നത്.

ഷിവമോഗ, ബല്ലേരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലാണ് നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍. നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.എസ് യെദ്യൂരപ്പ ഷിവമോഗയില്‍ നിന്നും ബി ശ്രീരാമലു ബെല്ലാരിയില്‍ നിന്നും രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ഇതിനു പുറമേ രാമനഗര, ജാംഖണ്ഡി മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പും ഈ തീയ്യതില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.പി സിദ്ധു ന്യാമഗൗഡ മരിച്ചതിനെ തുടര്‍ന്നാണ് ജാംഖണ്ഡി സീറ്റി ഒഴിഞ്ഞത്. ചന്നപട്‌ന നിലനിര്‍ത്തിക്കൊണ്ട് എച്ച്.ഡി കുമാരസ്വാമി രാമനഗരയില്‍ നിന്നും രാജിവെച്ചതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ടി വരുന്നത്. നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്.

Top