കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിനു മേല്‍ക്കൈ, ബിജെപി രണ്ടാമത്

ബംഗളൂരു: കര്‍ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മേല്‍ക്കൈ. 102 തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 788 സീറ്റും, ജനതാദള്‍ (എസ്) 307 സീറ്റുമാണ് ലഭിച്ചത്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു.

സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂര്‍ണ്ണമായി അറിവായ 724 വാര്‍ഡുകളില്‍ ബിജെപി 295 വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 243 വാര്‍ഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളില്‍ സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമാണ് ജയിച്ചത്.

ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 1026 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 416 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 309 ഇടത്ത് ബിജെപിയും 173 ഇടത്ത് ജെഡിഎസും ജയിച്ചു. 130 ഇടത്ത് മറ്റുള്ളവരാണ് വിജയിച്ചത്. ടൗണ്‍ പഞ്ചായത്തില്‍ 335 എണ്ണത്തില്‍ ഫലം പ്രഖ്യാപിച്ചതില്‍ 129ല്‍ കോണ്‍ഗ്രസും 128ല്‍ ബിജെപിയും ജെഡിഎസ് 29 എണ്ണത്തിലും ജയിച്ചു.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത.

Top