കേന്ദ്രം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ല;കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തിയടച്ചത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കേരളം സുപ്രീംകോടതിയില്‍. കേന്ദ്രം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് കേരളം ആരോപിച്ചു. കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ചതു തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു.

വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിര്‍ സത്യവാങ്മൂലവും സുപ്രീംകോടതിയില്‍ നല്‍കി.

കാസര്‍ഗോഡ് – മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കേരള ഹൈക്കോടതി നല്‍കിയ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല.

കാസര്‍കോടുനിന്നുള്ള രോഗികളെ ചികത്സയ്ക്കായി കര്‍ണാടകത്തിലേക്ക് കൊണ്ടുപോകുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചര്‍ച്ച ചെയ്ത് മാര്‍ഗരേഖ തയ്യാറാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.എന്നാല്‍, ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതിര്‍ത്തി തുറക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ കര്‍ണാടകം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Top