പ്ലാന്റ് തുടങ്ങാൻ ഇലോൺ മസ്‌കിന്റെ ടെസ്‌ലയെ ക്ഷണിച്ച് കർണാടക

ബെംഗളൂരു : യുഎസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയെ കർണാടക വ്യവസായ മന്ത്ര എം.ബി.പാട്ടീൽ സംസ്ഥാനത്തേക്കു സ്വാഗതം ചെയ്തു. ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ ടെസ്‌ല ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു ഏറ്റവും അനുയോജ്യം കർണാടകയാണ്. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ഉൾപ്പെടെ മുഴുവൻ സംരംഭങ്ങൾക്കും പിന്തുണ നൽകാൻ തയാറാണെന്നും പാട്ടീൽ ട്വിറ്ററിൽ കുറിച്ചു.

യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്വീറ്റ്. ഇന്ത്യയിൽ നിക്ഷേപത്തിനു താത്പര്യമുണ്ടെന്നു മസ്ക് സൂചന നൽകിയിരുന്നു. 2021 ജനുവരിയിൽ ടെസ്‌ല ബെംഗളൂരുവിൽ ഗവേഷണ വികസന കേന്ദ്രം ആരംഭിക്കാൻ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല.

Top