പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി, പുലിവാലുപിടിച്ച് യെസ്‍ഡി!

2022 ജനുവരിയിൽ ആണ് രണ്ട് മോട്ടോർസൈക്കിളുകളുമായി ക്ലാസിക് ലെജൻഡ്‌സ് ഐക്കണിക് യെസ്‌ഡി ബ്രാൻഡിനെ വീണ്ടും അവതരിപ്പിച്ചത്. യെസ്‌ഡി മാത്രമല്ല, ക്ലാസിക് ലെജൻഡ്‌സ് ജാവ ബ്രാൻഡിനെയും പുനരുജ്ജീവിപ്പിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ട് യെസ്‌ഡിക്കെതിരായ ഒരു കോടതി ഉത്തരവിനെക്കുറിച്ചാണ്. കർണാടക ഹൈക്കോടതിയുടെ ഒരു പുതിയ ഉത്തരവ് ഇന്ത്യൻ വിപണിയിലെ യെസ്ഡി മോട്ടോർസൈക്കിളുകളുടെ വിൽപ്പനയെ ബാധിച്ചേക്കാം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു . ‘യെസ്‍ഡി’ ബ്രാൻഡ് ഐഡിയൽ ജാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തന രഹിതമായ കമ്പനി നിലവില്‍ ലയന പ്രക്രിയയിലാണ്. ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും അതിന്റെ സഹസ്ഥാപകൻ ബൊമൻ ഇറാനിയെയും ‘യെസ്‍ഡി’ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് കർണാടക ഹൈക്കോടതി വിലക്കി. ഇറാനിക്കും ക്ലാസിക് ലെജൻഡ്‍സിനും കോടതി 10 ലക്ഷം രൂപ വീതം പിഴയും ചുമത്തി.

ലിക്വിഡേറ്റർ ഓഫീസിന്റെ പരിധിയിൽ വരുന്നതിനാൽ ക്ലാസിക് ലെജൻഡ്‌സിന്റെ പുതിയ ബൈക്കുകളിൽ യെസ്‌ഡി പേര് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 1996-ൽ പ്രവർത്തനരഹിതമായ കമ്പനിയാണ് ഐഡിയൽ ജാവ ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്. പക്ഷേ  ഇപ്പോഴും യെസ്‍ഡി എന്ന വ്യാപാരമുദ്രയുടെ അവകാശം ഐഡിയൽ ജാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വ്യാപാരമുദ്ര ലിക്വിഡേറ്ററുടെ ഓഫീസിന്റെ പരിധിയിലാണ്, യെസ്ഡി പേരിന്റെ ഉടമസ്ഥാവകാശം ലിക്വിഡേറ്ററുടെ ഓഫീസിൽ മാത്രമായിരിക്കും. ഐഡിയൽ ജാവ ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ തീർപ്പുകൽപ്പിക്കാത്ത എല്ലാ കുടിശ്ശികകളും ഒരു കക്ഷിക്കും ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Top