പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടി; വിലക്കു ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ബംഗളൂരു: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്‌ഐ) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണാടക ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

പിഎഫ്‌ഐ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നാസിര്‍ അലിയാണ് കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചു വര്‍ഷത്തേക്കു വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കോടതിയില്‍ വാദിച്ചത്. ഏതെങ്കിലും വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയാണ് കേന്ദ്ര നടപടിയെന്നും അഭിഭാഷകന്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായത്.

Top