വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍ ; അധികാരമില്ലെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍. വിശ്വാസ പ്രമേയത്തില്‍ ഇന്ന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. സഭാനടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചിട്ടുണ്ട്.

എന്നാല്‍,​ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഭാഗം.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 15 വിമത എംഎല്‍എമാരടക്കം 21 പേര്‍ സഭാ നടപടികളില്‍നിന്ന് വിട്ടുനിന്നു. 2 സ്വതന്ത്രര്‍, കോണ്‍ഗ്രസിന്റെ നാഗേന്ദ്ര റെഡ്ഡിയും ശ്രീമന്ത് പാട്ടീലും ഒരു ബിജെപി എംഎല്‍എ എന്നിവര്‍ സഭയിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വ്യത്യസ്തനിലപാട് സ്വീകരിച്ചെന്നാണ് സൂചന.

സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ശ്രമം. വിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ച ഉടന്‍ ഭരണപക്ഷത്തുനിന്നുള്ളവര്‍ ക്രമപ്രശ്നം ഉന്നയിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Top