Karnataka government to prepare security chief pinaray Vijayan

കര്‍ണാടക: സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ കനത്ത സുരക്ഷ ഏര്‍പ്പടുത്തിയിട്ടുണ്ട്.

മതസൌഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തുന്നത്. സംഘപരിവാരിന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിക്ക് പൂര്‍ണസുരക്ഷ ഒരുക്കുമെന്ന് കര്‍ണാടക മന്ത്രി യു ടി ഖാദര്‍ പറഞ്ഞു.

സമ്മേളന നഗരിയുടെ സുരക്ഷാ ചുമതലയ്ക്കായി 6 എസ്പിമാരുടെ നേതൃത്വത്തില്‍ 10 എഎസ്പി, 20 എസ്‌ഐ, 20 കമ്പനി കര്‍ണാടക റാപിഡ് ഫോഴ്‌സ്, 2000 പൊലീസ് സേന എന്നിവരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇതിന് പുറമെ രണ്ട് എസ്പി, 2 എഎസ്പി, 4 ഡിവൈഎസ്പി, 6 കമ്പനി കര്‍ണാടക റാപിഡ് ഫോഴ്‌സ്, 20 ഡിഎആര്‍ സ്‌കോഡ് എന്നിവരെ ദക്ഷിണ കന്നഡ ജില്ലയുടെ സുരക്ഷയ്ക്കായും വിന്യസിച്ചിക്കും. സുരക്ഷയുടെ ഭാഗമായി 600 സിസിടിവി ക്യാമറയും 6 ഡ്രോണ്‍ ക്യാമറയും മംഗളൂരു സിറ്റിയില്‍ സ്ഥാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മംഗളൂരുവില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. ശനിയാഴ്ച മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top