ഭഗത് സിംഗിന്റെ പാഠഭാഗത്തിനു പകരം ഹെഡ്ഗേവാറിന്റെ പ്രസംഗം; കര്‍ണാടകയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

ബെംഗളൂരു: പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ പുതുക്കിയതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. പുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിന്റെ പാഠഭാഗത്തിന് പകരം രാഷ്ട്രീയ സ്വയംസേവക് സംഘ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ഓള്‍-ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.’നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകരും സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും, ശാസ്ത്രീയവും, മതേതരവുമായ വിദ്യാഭ്യാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാഠപുസ്തകങ്ങളില്‍ അവരുടെ സ്വന്തം അജണ്ടകള്‍ തയ്യാറാക്കുകയാണ്’. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചു.

23ാം വയസ്സില്‍ ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ വിപ്ലവകാരിയാണ് ഭഗത് സിങ് എന്നാല്‍ ആര്‍എസ്എസ് സ്ഥാപകന്റെ പ്രസംഗം ആളുകളെ ഒന്നിപ്പിക്കുകയല്ല മറിച്ച് വര്‍ഗീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കൂട്ടിചേര്‍ത്തു.
ഭഗത് സിങ്ങിന്റെ പാഠം കൂടാതെ വംശീയ വിദ്വേഷത്തെ അപലപിക്കുന്ന പി. ലങ്കേഷിന്റെ ‘മൃഗ മാട്ടു സുന്ദരി’, സാറാ അബൂബക്കറിന്റെ ‘യുദ്ധ’, എഎന്‍ മൂര്‍ത്തി റാവുവിന്റെ ‘വ്യാഘ്ര ഗീഥെ’ തുടങ്ങിയ നിരവധി പാഠഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെടുന്നു.

Top