ബിജെപി ഭരണക്കാലത്തെ അഴിമതികള്‍ അന്വേഷിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

 

ര്‍ണാടകയില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു ‘40% കമ്മീഷന്‍’ വിവാദം. ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ സര്‍ക്കാര്‍ പദ്ധതിക്ക് 40% കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ധാരാളം കാരാറുകാര്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തിയത് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും.

കൂടാതെ, കൊവിഡ് സമയത്ത് ചാമരാജ്‌നഗര്‍ ജില്ലാശുപത്രിയില്‍ 36 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ വിഷയത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതായി നിലവിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു റാവു നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആ സമയത്ത് കൊവിഡിനെ നേരിടാന്‍ വാങ്ങിയ ഉപകാരങ്ങളില്‍ 3000 കോടിയുടെ അഴിമതി ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നതിലും അന്വേഷണം ഉണ്ടാകും. സംസ്ഥാനത്ത് നാല് മെഡിക്കല്‍ കോളേജുകള്‍ നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.

ഒപ്പം, കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന ബിറ്റ്കോയിന്‍ ക്രമക്കേടിലും സര്‍ക്കാര്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്. ശ്രീകി എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ രമേശ് എന്ന ഹാക്കര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ-പ്രൊക്യുര്‍മെന്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് അന്ന് ആരോപണമുയര്‍ത്തി. ആ വിഷയത്തിലും ഒപ്പം 545 പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തിലെ അഴിമതിയും സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് കോണ്‍ഗ്രസിനെയും നേതാക്കളെയും ലക്ഷ്യം വെച്ച് നടത്തിയ നീക്കങ്ങള്‍ക്ക് മറുപടിയായാണ് സിദ്ധാരാമയ്യയുടെ ഇപ്പോഴത്തെ നടപടി.

 

Top