കര്‍ണാടക മുന്‍മന്ത്രി സി.എച്ച്. വിജയശങ്കര്‍ ബിജെപി വിട്ടു, യെദ്യൂരപ്പയ്ക്ക് രാജിക്കത്തു കൈമാറി

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മൈസൂരുവില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗം കൂടിയായ സി.എച്ച്. വിജയശങ്കര്‍ ബിജെപിയില്‍ നിന്നു രാജിവച്ചു.

പാര്‍ട്ടി സംസ്ഥാനധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയ്ക്ക് വിജയശങ്കര്‍ രാജിക്കത്തു കൈമാറി. കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൈസൂരുവില്‍ നിന്നു മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിജയശങ്കര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിയപട്ടണ മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കാന്‍ തന്നോട് നേതാക്കള്‍ ആവശ്യപ്പെട്ടെന്നും തന്നെ ബലിയാടാക്കാനാണ് അവര്‍ ഗൂഢാലോചന നടത്തുന്നതെന്നും വിജയശങ്കര്‍ ആരോപിക്കുന്നു.

ഈ മാസം 26ന് മൈസൂരുവില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നടത്തിയ മൈസൂരു, ചാമരാജനഗര്‍ ജില്ലകളിലെ കര്‍ഷക കണ്‍വന്‍ഷനില്‍ വിജയശങ്കറിനെ പങ്കെടുപ്പിച്ചിരുന്നില്ല.

Top