കർണ്ണാടകയിൽ വിജയിച്ചാൽ വേണുഗോപാൽ ‘അജയ്യൻ’ ചങ്കിടിച്ച് കേരളത്തിലെ നേതാക്കൾ

karnataka

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തുമെന്ന അഭിപ്രായ സര്‍വേയില്‍ ശരിക്കും ഞെട്ടിയത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ !

രാജ്യത്ത് കോണ്‍ഗ്രസ്സ് തിരിച്ചടി നേരിടുമ്പോള്‍ കര്‍ണ്ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് കെ.സി.വേണുഗോപാല്‍ എം.പിയുടെയും പി.സി വിഷ്ണുനാഥിന്റെയും കൂടി നേട്ടമായി ചിത്രീകരിക്കപ്പെടും എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച വേണുഗോപാലിന് പുറമെ പി.സി.വിഷ്ണുനാഥിനും കര്‍ണ്ണാടകയുടെ പ്രത്യേക ചുമതല രാഹുല്‍ ഗാന്ധി ഇടപെട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തു വന്ന സി- ഫോര്‍ സര്‍വേയില്‍ കോണ്‍ഗ്രസ്സിന് 100-ല്‍ അധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2013-ല്‍ കോണ്‍ഗ്രസ്സിന് 119-120 സീറ്റ് കിട്ടുമെന്നായിരുന്നു സി- ഫോര്‍ പ്രവചിച്ചിരുന്നത്. ലഭിച്ചതാകട്ടെ 122 സീറ്റുകളും.

ഇത്തവണ വോട്ട് വിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനവോടെ കോണ്‍ഗ്രസ്സ് 46 ശതമാനം വോട്ട് നേടുമെന്നും ബി.ജെ.പി 31 ശതമാനത്തില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം. ഒരു കാലത്ത് ഒറ്റയ്ക്ക് കര്‍ണ്ണാടകം ഭരിച്ച ദേവഗൗഡയുടെ ജെ.ഡി.എസിന് 16 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ബി.ജെ.പി വോട്ട് ബാങ്കായ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാനുള്ള കോണ്‍ഗ്രസ്സ് നീക്കമാണ് കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കി മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഈ തീരുമാനം നടപ്പാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മടിച്ച് നിന്നപ്പോള്‍ ധൈര്യം നല്‍കി പ്രേരിപ്പിച്ചത് കെ.സി. വേണുഗോപാലായിരുന്നു.

കര്‍ണ്ണാടകയിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും വേണുഗോപാലിനും വിഷ്ണുനാഥിനും വലിയ പങ്കാണ് ഉള്ളത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് മികച്ച വിജയം നേടിയാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനത്തിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന ഭയമാണ് ഒരു വിഭാഗം നേതാക്കള്‍ക്ക്.

ചെന്നിത്തലയും കാര്‍ത്തികേയനും ‘തിരുത്തല്‍വാദി’ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ അതിനൊപ്പം നിന്നിരുന്ന വേണുഗോപാലിന് ഇപ്പോള്‍ കേരളത്തില്‍ കൂടുതല്‍ അടുപ്പം വി.എം സുധീരനോടാണ്. ഉറച്ച എ ഗ്രൂപ്പുകാരനാണെങ്കിലും വിഷ്ണുനാഥ് കെ.പി.സി.സി തലപ്പത്ത് വരുന്നതിനോട് ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ പിന്തുണയാണ് കേരളത്തില്‍ വിഷ്ണുനാഥിന്റെ കരുത്ത്.

കര്‍ണ്ണാടക ദൗത്യം വിജയിച്ചാല്‍ കെ.സി വേണുഗോപാല്‍ ദേശീയ തലത്തിലും വിഷ്ണുനാഥ് കേരളത്തിലും വലിയ പദവികളില്‍ അവരോധിക്കപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ സ്ഥാനമോഹികളായ നേതാക്കള്‍ . .

Top