മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, വിജയം പ്രവചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പ

yeddyurappa

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പ. മെയ് 17ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശിക്കാരിപ്പുരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലം പ്രഖ്യാപിക്കുന്ന പതിനഞ്ചാം തിയതി തന്നെ താന്‍ ഡല്‍ഹിയിലേക്ക് പറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രചരണ സമയത്ത് താന്‍ മൂന്ന് തവണ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചിരുന്നു. ബിജെപി വലിയൊരു മാര്‍ജിനില്‍ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. 150 സീറ്റ് വരെ ലഭിക്കും. ഇന്ന് വൈകുന്നേരത്തോടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമെന്നും അപ്പോള്‍ എല്ലാം മനസിലാകുമെന്നും യെദിയൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യെയും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്യണം. നല്ല ഭരണം കാഴ്ച വെയ്ക്കുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും യെദിയൂരപ്പ പറഞ്ഞു.

Top