വാരണാസിയും വഡോദരയും മറക്കരുത്: തന്നെ പരിഹസിച്ച മോദിക്ക് മറുപടിയുമായി സിദ്ധരാമയ്യ

siddaramaiah

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ രണ്ട് നിയമസഭാ സീറ്റുകളില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വാരണാസി, വഡോദര സീറ്റുകളില്‍ മത്സരിച്ചത് പരാജയഭീതി മൂലമാണോയെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ ചോദിച്ചു.

രണ്ട് മണ്ഡലത്തില്‍ സിദ്ധരാമയ്യയും ഒരു മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോര്‍മുലയാണ് അദ്ദേഹം കര്‍ണാടകത്തില്‍ നടപ്പാക്കുന്നതെന്ന് മോദി പരിഹസിച്ചു.

നിങ്ങള്‍ 56 ഇഞ്ച് മനുഷ്യനാണ്. അതുകൊണ്ടുതന്നെ ബുദ്ധിപരമായി വിശദീകരണങ്ങള്‍ നല്‍കണമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ ബിജെപി 60-70 സീറ്റ് കടക്കില്ലെന്ന ഭയത്തില്‍ നിന്നുള്ള പ്രതികരണമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. സിറ്റിങ് മണ്ഡലത്തില്‍ സ്വന്തം മകനെ നിര്‍ത്തി മത്സരിപ്പിക്കുന്നു. ഇതാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ നടത്തുന്ന വികസനമെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Top