ഉപതെരഞ്ഞെടുപ്പ്; ബിജെപി മുന്നില്‍, ജെ.ഡി.എസിനെ വലിക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപിക്കാണ് മുന്‍ തൂക്കം. അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിലാണ് ബി.ജെ.പി.യുടെ മുഴുവന്‍ പ്രതീക്ഷയും. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം.

ഇവിടെ ജെ.ഡി.എസിന്റെ നിലപാടാണ് നിര്‍ണായകം. സീറ്റ് നിലനിര്‍ത്തണമെങ്കില്‍ ബിജെപിക്ക് ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതേസമയം ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കില്‍ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതാണ് ഈ ഉപതെരഞ്ഞെടുപ്പിന് പിന്നിലെ കാരണം. ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബി.ജെ.പി.ക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെ.ഡി.എസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

കുറഞ്ഞത് 13 സീറ്റില്‍ ബി.ജെ.പി. വിജയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവകാശപ്പെട്ടു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സര്‍ക്കാരിന് രാജിവെക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നത് ഇന്ന് പുറത്ത് വരുന്ന ഫലമായിരിക്കും.

Top