കര്‍ണാടക കൊള്ളയടിച്ചവരെ അധികാരത്തിലെത്തിക്കാന്‍ മോദി ശ്രമം; ആഞ്ഞടിച്ച് രാഹുല്‍

modi-rahul

ന്യൂഡല്‍ഹി: കര്‍ണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഖനി വിവാദത്തിലകപ്പെട്ട റെഡ്ഡി സഹോദരന്മാര്‍ക്കും അനുയായികള്‍ക്കുമായി സീറ്റുകള്‍ നല്‍കി ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു രാഹുല്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

”അധികാരത്തിരിക്കുമ്പോള്‍ ബി.എസ്. യെഡിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും കര്‍ണാടകയെ കൊള്ളയടിച്ചു. ഞങ്ങളുടെ സര്‍ക്കാരാണ് അവരെ നീതിക്കുമുന്നില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ അവരില്‍ എട്ടുപേരെ ജയിലില്‍നിന്നു വിധാന്‍ സഭയിലേക്ക് എത്തിക്കാനാണു മേദിയുടെ ശ്രമം. ഇതു സത്യസന്ധരായ പൗരന്മാരെ അപമാനിക്കലാണ്”. – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് യെഡിയൂരപ്പ. റെഡ്ഡി സഹോദരങ്ങളും യെഡിയൂരപ്പയും തമ്മിലുള്ള സൗഹൃദം പരസ്യമായ രഹസ്യമാണ്. അധികാരത്തിലിരുന്ന സമയം റെഡ്ഡിമാര്‍ക്ക് യെഡിയൂരപ്പ കൈവിട്ടു സഹായങ്ങള്‍ ചെയ്തിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

മേയ് 12നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. 15നാണ് ഫലപ്രഖ്യാപനം.

Top