നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം: പുറത്താക്കിയവര്‍ക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി

ബെംഗളൂരു: നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട നേതാക്കള്‍ക്ക് കര്‍ണാടക തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ ബിജെപിക്കെതിരെ പ്രതിഷേധം. ലക്ഷ്മണ്‍ സാവദി, സി സി പാട്ടീല്‍ എന്നിവരാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

2012ല്‍ ബി എസ് യെഡിയൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു ഇരുവരും. സാവദി സഹകരണവകുപ്പും പാട്ടീല്‍ ശിശുക്ഷേമവകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറിനൊപ്പം നിയമസഭയിലിരുന്ന് ഇരുവരും അശ്ലീലവീഡിയോ കണ്ടതിന്റെ ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനലാണ് പുറത്തുവിട്ടത്. തുടര്‍ന്ന് മൂവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

ഇവരില്‍ സാവദിക്കും പാട്ടീലിനും നിയമസഭയിലേക്ക് സീറ്റ് നല്കിയതാണ് ബിജെപിക്കെതിരെ ജനരോഷം ഉയര്‍ത്തിയിരിക്കുന്നത്. സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മൂന്നാമനായ പലേമര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടിയില്ല. 2013ല്‍ മംഗളൂരു സിറ്റി നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പലേമര്‍ അന്ന് പരാജയപ്പെട്ടിരുന്നു.

Top