പ്രതീക്ഷകൾ എല്ലാം ഇനി അവിശ്വാസത്തിൽ, മറുകണ്ടം ചാടാൻ കൂടുതൽ എം.എൽ.എമാർ

ന്യൂഡൽഹി: സുപ്രീം കോടതി യെദിയൂരപ്പ സർക്കാറിന്റെ സത്യപ്രതിജ്ഞ തടയാതിരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിന് മുന്നിലെ ഏക പോംവഴി ഇനി നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പാണ്. സഭയിൽ വിശ്വാസവോട്ട് നേടാൻ കഴിഞ്ഞില്ലങ്കിൽ യെദിയൂരപ്പ സർക്കാറിന് അപ്പോൾ തന്നെ രാജി വയ്ക്കേണ്ടി വരും.

എന്നാൽ ഇതിനുള്ള സാധ്യത വളരെ വിരളമാണ്. കാരണം ബി.ജെ.പി മുഖ്യമന്ത്രി അധികാരമേൽക്കുന്നതോടെ കൂടുതൽ എം.എൽ.എമാർ പ്രതിപക്ഷത്ത് നിന്നും മറുകണ്ടം ചാടാനാണ് സാധ്യത. ഇപ്പോൾ തന്നെ സഭയിലെ ഭൂരിപക്ഷം യെദിയൂരപ്പ ഉറപ്പിച്ചു കഴിഞ്ഞതായാണ് ബി.ജെ.പി നേതാക്കൾ തന്നെ നൽകുന്ന വിവരം.

വെളളിയാഴ്ച സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ പരിശോധിക്കുന്നതിനു വേണ്ടിയാണിത്. ഈ കത്ത് പരിശോധിച്ച് ചിലപ്പോൾ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നൽകിയ 15 ദിവസത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവുകയല്ലാതെ മറ്റൊരു അപ്രതീക്ഷിത നടപടിയും കോൺഗ്രസ്സ് നേതൃത്വം പോലും പ്രതീക്ഷിക്കുന്നില്ല.

അതേസമയം എം.എൽ.എമാരെ സ്വന്തം പാളയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനായി വലിയ ശ്രമങ്ങളാണ് കോൺഗ്രസ്സ് – ജെ.ഡി.എസ് നേതാക്കൾ നടത്തി വരുന്നത്.വെള്ളിയാഴ്ചയിലെ കോടതി തീരുമാനം അറിഞ്ഞ ഉടനെ എം.എൽ.എമാരെ കൂട്ടത്തോടെ കേരളത്തിലേക്ക് മാറ്റാൻ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഭരണ നിയന്ത്രണം ബി.ജെ.പിക്ക് കൈവരുന്ന സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് വരെ കർണ്ണാടകയിൽ തങ്ങുന്നത് ‘സുരക്ഷിത’മല്ലന്ന് കണ്ടാണ് ഈ നീക്കം. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു ‘സാഹസ’ത്തിനും കുതിരക്കച്ചവടത്തിനും ബി.ജെ.പി വരില്ലന്ന പ്രതീക്ഷയിലാണ് ഈ നീക്കം.

ജെ.ഡി.എസിനു കൂടി ഈ നിർദ്ദേശത്തിന് അനുകൂലമായാണ് പ്രതികരണമെങ്കിൽ ആലപ്പുഴയിൽ റിസോർട്ട് ഏർപ്പാടാക്കാമെന്ന് ആലപ്പുഴ എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്.ജെ.ഡി.എസ് മന്ത്രി തന്നെ ഇടതു സർക്കാറിൽ ഉള്ളതിനാൽ ജെ.ഡി.എസിന് എതിർപ്പുണ്ടാകില്ലന്നാണ് പ്രതീക്ഷ.

എന്നാൽ ചെങ്ങന്നൂരിൽ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് എം.എൽ.എമാർ കേരളത്തിൽ അഭയം തേടിയാൽ അത് തിരിച്ചടിക്കുമെന്ന ആശങ്ക സംസ്ഥാനത്തെ മുതിർന്ന യു.ഡി.എഫ് നേതാക്കൾക്കുണ്ട്. ബി.ജെ.പിയെ പേടിച്ച് പിണറായി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് വരേണ്ടി വന്നു കോൺഗ്രസ്സ് എം.എൽ.എമാർക്ക് ‘ എന്ന പ്രചരണം ചെങ്ങന്നൂരിൽ അലയടിക്കുമെന്നതാണ് ആശങ്കക്ക് കാരണം.

മാത്രമല്ല, ബി.ജെ.പിക്ക് സി.പി.എമ്മും – കോൺഗ്രസ്സും ഒരേ ‘തൂവൽ പക്ഷികളാണെന്ന് ‘ ചൂണ്ടിക്കാണിക്കാൻ ഒരവസരമാകും ഇത്തരമൊരു ‘കൂട്’ മാറ്റമെന്നതും യു.ഡി.എഫിനെ അലട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ കർണ്ണാടകയുടെ ചുമതല കൂടിയുള്ള കെ.സി.വേണുഗോപാലിനെ കേരളത്തിലെ നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.ഹൈക്കമാന്റ് തീരുമാനം അനുസരിച്ച് നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Top