ജനതാദൾ പിന്തുണയോടെ കർണ്ണാടകയിൽ സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം

ബെംഗളുരു : ആർക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന അഭിപ്രായസർവ്വേ ഫലം പുറത്തു വന്നതോടെ കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കാൻ ഫലപ്രഖ്യാപനം വരും മുൻപ് ബിജെപി കരുനീക്കം തുടങ്ങി. ജനതാദളിനെ കൂടെ നിർത്തി സർക്കാർ ഉണ്ടാക്കാനാണു ശ്രമം. ഇതിനായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും കേന്ദ്ര മന്ത്രി അനന്ത് കുമാറുമാണ് ചരടുവലി നടത്തുന്നത്.

വാശിയേറിയ പോരാട്ടം നടന്ന സംസ്ഥാനത്തു കോൺഗ്രസിനാണു പല എക്സിറ്റ്പോളുകളിലും മുൻതൂക്കം.കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യതയെന്നും, ജനതാദളായിരിക്കും സംസ്ഥാനം ആര് ഭരിക്കണമെന്നു തീരുമാനിക്കുകയെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസാണു മുന്നിൽ. 106 മുതല്‍ 118 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. ബിജെപിക്ക് 79-92 സീറ്റ്. സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുമെന്ന കരുതുന്ന ജെഡിഎസിന് 22-30 സീറ്റ് കിട്ടും. ഇന്ത്യ ടുഡേ ആക്സിസ് എക്സിറ്റ്പോളിലും കോണ്‍ഗ്രസിനാണു മുൻതൂക്കം. 106 മുതൽ 118 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമ്പോൾ ബിജെപിക്ക് 79 – 92, ജെഡിഎസിന് 22 –30 സീറ്റുകളും ലഭിക്കും.

ടൈംസ് നൗ പോളിലും കോൺഗ്രസ് മുന്നിലാണ്. 90–103 സീറ്റ് കോൺഗ്രസിന് പ്രവചിക്കുമ്പോൾ ബിജെപിക്ക് 80 – 93, ജെഡിഎസിന് 31 –39 സീറ്റ്. എബിപി എക്സിറ്റ്പോളിൽ ബിജെപിയാണു മുന്നിൽ. 97–106 സീറ്റ് ബിജെപി നേടുമ്പോൾ 87–95 സീറ്റാണു കോൺഗ്രസിന്. 21–30 സീറ്റുകൾ ജെഡിഎസ് നേടുമെന്നും എട്ടു വരെ സീറ്റുകളിൽ ജയിക്കുമെന്നും എബിപി അഭിപ്രായപ്പെടുന്നു.

ന്യൂസ് നാഷൻ എക്സിറ്റ്പോളിൽ 105–109 സീറ്റുകൾ ബിജെപിക്കും 71–75 സീറ്റുകൾ കോൺഗ്രസിനും 36–40 സീറ്റുകൾ ജെഡിഎസിനും മൂന്നു മുതൽ അഞ്ചുവരെ സീറ്റുകൾ മറ്റുള്ളവർക്കും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി– ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപിയാണു മുന്നിൽ. 95–114 സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. കോൺഗ്രസിന് 73–82; ജെഡിഎസിന് 32–43.

Top